‘എസ്‌സി/എസ്ടി ആക്ട് നിലനിൽക്കില്ല’; സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ മുൻകൂർ ജാമ്യ ഉത്തരവും വിവാദത്തിൽ

Kerala Latest News

സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ മുൻകൂർ ജാമ്യ ഉത്തരവും വിവാദത്തിൽ. പട്ടികജാതിക്കാരിയാണെന്ന അറിവോടെയായിരിക്കില്ല സിവിക് ചന്ദ്രന്റെ ആക്രമണമെന്നും അതുകൊണ്ട് തന്നെ എസ്‌സി/എസ്ടി ആക്ട് നിലനിൽക്കില്ലെന്നുമാണ് ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നിരീക്ഷിച്ചത്.

ഇന്നലെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യ അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവവും വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്നായിരുന്നു കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിൽ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ജാമ്യാപേക്ഷയോടൊപ്പം പരാതിക്കാരിയുടെ ചിത്രങ്ങളും സിവിക് ചന്ദ്രൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

”ജാമ്യാപേക്ഷയോടൊപ്പം കുറ്റാരോപിതൻ സമർപ്പിച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാവുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ല.”- വിധിന്യായത്തിൽ കോടതി പറയുന്നു. 74കാരനായ, ശാരീരികമായി ദുർബലനായ പരാതിക്കാരൻ പരാതിക്കാരിയെ നിർബന്ധപൂർവം മടിയിൽ കിടത്തി ലൈംഗികാതിക്രമം നടത്തിയെന്നത് അവിശ്വസനീയമാണെന്നും കോടതി പറഞ്ഞു.

യുവകവയിത്രിയുടെ പരാതിയിലായിരുന്നു ആദ്യ കേസ്. 2021 ഏപ്രിലിൽ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയിൽ ഒത്തുകൂടിയപ്പോഴ് ലൈംഗികതിക്രമത്തിന് ഇരയായെന്നായിരുന്നു പരാതി. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് സിവിക്കിനെതിരായ രണ്ടാമത്തെ കേസ്. രണ്ടുകേസുകളും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും സിവിക്കിന് മുൻകൂർ ജാമ്യം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *