P J JOSEPH

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ അസംതൃപ്തരുടെ എണ്ണം പെരുകുന്നതിനിടെ ജോസ് പാറേക്കാട്ടും കൂട്ടരും മാതൃസംഘടനയിലേക്ക്‌

Kerala Latest News

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ അസംതൃപ്തരുടെ എണ്ണം പെരുകുന്നതിനിടെ കോട്ടയം ജില്ലയില്‍ പാര്‍ട്ടിയുടെ നെടുംതൂണായിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ടും കൂട്ടരും ജോസ് കെ മാണിക്കൊപ്പം മാതൃസംഘടനയിലേക്ക് തിരിച്ചെത്തുന്നു. പ്രായത്തിന്റെ അവശതകള്‍ അലട്ടുന്ന പി ജെ ജോസഫിന് പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ ഇടപെടാന്‍ കുറച്ചുനാളായി സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ പി ജെ ജോസഫിന്റെ മകന്‍ അപ്പു ജോണ്‍ ജോസഫും ചില നേതാക്കളിലേക്കും മാത്രമായി ചുരുങ്ങുന്നതാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നത്.

മക്കള്‍ രാഷ്ട്രീയം കേരള കോണ്‍ഗ്രസില്‍ അനുവദിക്കാനാകില്ലെന്ന് ആരോപിച്ച് ജോസ് കെ മാണിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപം ഉയര്‍ത്തിയ പി ജെ ജോസഫ് ഒടുവില്‍ അപ്പു ജോണ്‍ ജോസഫിനെ പാര്‍ട്ടിയുടെ കടിഞ്ഞാന്‍ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് വലിയൊരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. പുത്രവാത്സല്യം തലയ്ക്കു പിടിച്ച ജോസഫിന്റെ നീക്കങ്ങളില്‍ മനംമടുത്ത് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുവരാന്‍ തയ്യാറെടുപ്പുകളും കൂടിയാലോചനകളും നടത്തിവരികയാണെന്ന് പാര്‍ട്ടിയുടെ പ്രമുഖനായ നേതാവ് വെളിപ്പെടുത്തി.

കഴിഞ്ഞ പുനസംഘടനയില്‍ ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മീനച്ചില്‍ പഞ്ചായത്തില്‍ നിന്നുള്ള ഏക സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു പൂവരണി സ്വദേശിയായ ജോസ് പാറേക്കാട്ട്. കെ എസ് സി കാലഘട്ടം മുതല്‍ പരമ്പരാഗത ജോസഫ് വിഭാഗത്തില്‍ അടിയുറച്ച് നിന്ന ജോസ് പാറേക്കാട്ട് ഏതാനും നാളുകളായി കേരള കോണ്‍ഗ്രസില്‍ സജീവമായിരുന്നില്ല. കേരള കോണ്‍ഗ്രസ് മാണി ജോസഫ് ജോര്‍ജ് വിഭാഗങ്ങള്‍ ഒന്നായിരുന്ന സംയുക്ത കേരള കോണ്‍ഗ്രസില്‍ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു.

അക്കാലത്ത് ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി പദം രാജിവച്ച് പാലായിലേക്ക് ആദ്യമായെത്തിയ കെ എം മാണിസാറിന് പാലാ കുരിശുപള്ളി കവലയില്‍ നല് കിയ സ്വീകരണത്തില്‍ ജോസ് പാറേക്കാട്ട് നടത്തിയ തീപ്പൊരി പ്രസംഗം അണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു.

പരമ്പരാഗത ജോസഫ് വിഭാഗത്തില്‍ മൂന്നര പതിറ്റാണ്ടു കാലമായി സജീവ സാന്നിധ്യമായിരുന്നു. കെ.എസ്.സി ജെ യൂത്ത് ഫ്രണ്ട് എന്നീ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലും സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്നു. അടുത്തിടെ ജോസ് പാറേക്കാട്ട് കേരള കോണ്‍ഗ്രസ് എംമ്മില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ കേരള കോണ്‍ഗ്രസ് ചുമതലകളില്‍ നിന്നും നീക്കം ചെയ്തതായി കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് ഇത്തരമൊരു അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് ജോസ് വ്യക്തമാക്കിയിരുന്നു.

ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിച്ച് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസായി മാറിയ മാതൃസംഘടനയില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് ജോസ് പാറേക്കാടിന്റെയും കൂട്ടരുടെയും നിലപാട്.
മുമ്പു ജോസഫ് വിഭാഗത്തില്‍ നിന്ന് ജോസ് പക്ഷത്തേക്ക് കൊഴിഞ്ഞുപോക്ക് നടന്നിരുന്നു. മറ്റ്മുതിര്‍ന്ന നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലേയ്ക്ക് ചേരാന്‍ തയ്യാറാണെങ്കിലും ജോസ് കെ മാണി ഇവര്‍ക്ക് പച്ചക്കൊടി കാട്ടിയിട്ടില്ല അതിനിടയിലാണ് പാറേക്കാടന്റെ മാറ്റം

Leave a Reply

Your email address will not be published. Required fields are marked *