ലോക്ഡൗണ്‍ മറയാക്കി സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍; നിക്ഷേപങ്ങള്‍ തിരികെ ചോദിച്ചവരുടെ പണം തിരികെ നല്‍കാതെ പത്തനംതിട്ടയിലെ സ്ഥാപനം; നിയമനടപടിക്കൊരുങ്ങി ഒരുകൂട്ടം നിക്ഷേപകര്‍; ബാങ്കുകളില്‍ പലിശ കുറഞ്ഞതോടെ അവസരം മുതലാക്കാന്‍ കൂണുപോലെ മുളച്ചുപൊങ്ങി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍

Latest News

 

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: കൊള്ളപലിശ വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പല എന്‍ ബി എഫ് സികളും വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന. കൊറോണ പ്രതിസന്ധി കാരണം മൈക്രോഫിനാന്‍സ് തിരിച്ചടവ് മുടങ്ങിയതും അടിക്കടി സ്വര്‍ണ്ണ വില കുതിച്ചുയരുന്നതും ഈ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്‍ ബി എഫ് സികള്‍ക്ക് അടിയന്തര വായ്പകള്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കാന്‍ ഒരു ബാങ്കും മുന്നോട്ടുവന്നിട്ടില്ല. ബാങ്കുകളില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് അഞ്ചുശതമാനം മുതല്‍ 7 വരെ പലിശ നല്‍കുമ്പോള്‍ 13 ശതമാനത്തിന് മുകളിലാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

കോറോണ പ്രതിസന്ധിയില്‍ രണ്ടുമാസത്തോളം സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതോടെ മാസത്തവണകളായി നിക്ഷേപകര്‍ക്ക് നല്‍കിയിരുന്ന പലിശ മുടങ്ങി. ഇതെ തുടര്‍ന്ന് ലക്ഷങ്ങള്‍ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച പലരും തങ്ങളുടെ നിക്ഷേപത്തുക മടങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ലോക് ഡൗണ്‍ പേരുപറഞ്ഞ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കേണ്ട തുക നല്‍കാതെ വൈകിപ്പിക്കുന്നുവെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. മാര്‍ച്ചില്‍ നിക്ഷേപത്തുക തിരികെ ചോദിച്ചവരോട് അഞ്ചുതവണ അവധി ചോദിച്ച് ഒടുവില്‍ മെയ് 31 നകം പണം മടക്കി നല്‍കാമെന്നാണ് പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തില്‍ നിന്നും അറിയിച്ചിരിക്കുന്നത്. അതേസമയം, ഇനിയും അവധി പറഞ്ഞാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന ഉറച്ചനിലപാടിലാണ് ഒരുകൂട്ടം നിക്ഷേപകര്‍.

സമനമായ പ്രതിസന്ധിയാണ് കേരളത്തില്‍ നൂറുകണക്കിന് ബ്രാഞ്ചുകളുള്ള അഞ്ചോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്നത്. വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഈ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതോടെ പാപ്പര്‍ ഹര്‍ജി കൊടുക്കാനുള്ള ആലോചനയിലാണ് മാനേജ്‌മെന്റുകള്‍. നോട്ടുനിരോധനവും, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യവുമാണ് പെടുന്നനെ സംസ്ഥാനത്ത് കൂണുപോലെ ബ്രാഞ്ചുകള്‍ തുറന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ കടക്കെണിയിലാക്കിയത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന പലിശയില്‍ നിന്നും രണ്ടുമുതല്‍ അഞ്ചുശതമാനം വരെ കൂടുതല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ നൂറുകണക്കിന് പേരില്‍ നിന്നും നിക്ഷേപമായി ഇവര്‍ വാങ്ങിച്ചെടുത്തിരിക്കുന്നത്. ഈ പണം റിയല്‍ എസ്‌റ്റേറ്റില്‍ മുതല്‍മുടക്കിയെങ്കിലും അപ്രതീക്ഷിതമായെത്തിയ നോട്ടുനിരോധനവും വസ്തു ഇടപാടുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ശന വ്യവസ്ഥകളും സ്വകാര്യ ബ്ലേഡ് മാഫിയകളുടെ അടിത്തറ ഇളക്കി.

സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച നൂറുകണക്കിനാളുകള്‍ പെന്‍ഷന്‍ ആനൂകൂല്യമായി കിട്ടിയ കോടിക്കണക്കിന് രൂപ വലിയ പലിശ കിട്ടുമെന്ന പ്രതീക്ഷയില്‍ നിരവധി സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. പണം നിക്ഷേപിച്ചവര്‍ക്ക് കൃത്യമായി മാസപ്പലിശ ഇവര്‍ നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടുമാസമായി പലിശകൂട്ടി ഒരുമിച്ച് നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരെ സ്വകാര്യ സ്ഥാപനങ്ങള്‍ മടക്കി അയച്ചു. ഇതോടെ ചിലര്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ബ്രാഞ്ച് ഓഫീസുകളില്‍ എത്തിയപ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്. നിക്ഷേപ തുകകള്‍ മടക്കി നല്‍കാന്‍ സ്ഥാപന മേധാവികള്‍ ആറുമുതല്‍ ഒരുവര്‍ഷം വരെ സാവകാശം ചോദിച്ചതോടെ നൂറുകണക്കിന് പേരാണ് പണം നഷ്ടമാകുമെന്ന ആശങ്കയില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പോലീസില്‍ പരാതിപ്പെട്ടാല്‍ പണം തിരിച്ചുകിട്ടാന്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന ഭീഷണി മുഴക്കിയാണ് നിക്ഷേപകരെ സ്വകാര്യ പണമിടപാട് മേലധികാരികള്‍ പിന്തിരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ലാഭക്കണക്കുകള്‍ പെരുപ്പിച്ച് കാട്ടി നിക്ഷേപകരില്‍ നിന്നും വാങ്ങിച്ചെടുത്ത ലക്ഷണക്കിന് രൂപ എങ്ങനെ തിരികെ കൊടുക്കുമെന്ന ആശങ്കയിലാണ് മധ്യതിരുവിതാംകൂറിലെയും തൃശൂരിലെയും ചില സ്ഥാപനങ്ങളുടെ അവസ്ഥ.

കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ കേരളത്തിലും അന്യസംസ്ഥാനങ്ങളുമായി ഇവര്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ വാങ്ങിയ വിലയുടെ പകുതിപോലും നിലവിലെ അവസ്ഥയില്‍ കിട്ടാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് സ്വകാര്യപണമിട് സ്ഥാപനത്തിലെ പ്രമുഖര്‍ വ്യക്തമാക്കി. ഈ പ്രതിസന്ധി അവസാനിച്ചില്ലെങ്കില്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും വൈകാതെ അടച്ചുപൂട്ടേണ്ടിവരും. സ്വര്‍ണ്ണത്തിന് ഓരോ ദിവസവും വില വര്‍ദ്ധിച്ചുവരുന്നതോടെ പണയ ഉരുപ്പിടികള്‍ വാങ്ങിയുള്ള വായ്പകള്‍ക്കും കൂടുതല്‍ പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. വിവിധ ബാങ്കുകളില്‍ ആസ്തികള്‍ പണയപ്പെടുത്തി വായ്പ സംഘടിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ നീക്കം നടത്തുന്നുണ്ടെങ്കിലും പരിധിവിട്ടുള്ള വായ്പകള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ വിലങ്ങുതടിയാകുന്നു. സംസ്ഥാനത്ത് കൂണുപോലെ മുളച്ചുപൊങ്ങി നിരവധി ചിട്ടിസ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപ ജനങ്ങളില്‍ നിന്നും വാങ്ങിച്ചെടുത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന പ്രവണത മുന്‍കാലങ്ങളില്‍ പതിവായിരുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി സര്‍ക്കാര്‍ ചിട്ടിനിയമങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് പ്രമുഖ സ്ഥാപനങ്ങള്‍ തമിഴ്‌നാട്, കര്‍ണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ചേക്കേറി. സമാനമായ രീതിയില്‍ വന്‍പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നിക്ഷേപിച്ച ആയിരക്കണക്കിന് സാധാരണക്കാരാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളില്‍ അകപ്പെട്ട് നട്ടംതിരിയുന്നത്.

ഇതിനിടെ ബാങ്കുകളില്‍ നിക്ഷേപങ്ങളുടെ പലിശ കുറഞ്ഞതോടെ കൂണുപോലെ നിരവധി സ്വകാര്യപണമിടപാട് സ്ഥാാപനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങികഴിഞ്ഞു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാധാരണക്കാരായ ജനങ്ങളാണ് ഇവരുടെ ഇരകള്‍. വലിയ നൂലാമാലകള്‍ ഇല്ലാതെ വേഗത്തില്‍ സ്വര്‍ണ്ണപണയ വായ്പകളായും ചെറുകിട വായ്പകള്‍ ഇത്തരം സ്ഥാപനങ്ങള്‍ വഴി ലഭിക്കും. പലിശ തിരിച്ചടവ് മുടങ്ങിയാല്‍ 36 ശതമാനവും അതില്‍ കൂടുതലുമാണ് പലിശയും പിഴപ്പലിശയുമായി ഇത്തരം സ്ഥാപനങ്ങള്‍ ജനങ്ങളില്‍ നിന്നും വാങ്ങിയെടുക്കുന്നത്. കൂണുപോലെ മുളച്ചുപൊങ്ങുന്ന സ്വകാര്യപണമിടപാാട് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിലവിലെ പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *