ആര്‍ അജിരാജകുമാര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ കെ പി സി സി, ഡി സി സി ഭാരവാഹി പട്ടികയില്‍ തന്റെ ഇഷ്ടക്കാരെ കുത്തിനിറയ്ക്കാനുള്ള കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വൈര്യം മറന്ന് നേതാക്കള്‍ ഒന്നിച്ചു. സുധാകരന്റെ ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധം കടുത്തതോടെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും സുധാകരനെ നീക്കാന്‍ ഹൈക്കമാന്‍ഡ് തിരക്കിട്ട നീക്കം ആരംഭിച്ചു കഴിഞ്ഞു.
സംഘടനാ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും വരെ ശശി തരൂര്‍ എം പിയെ പുതിയ അധ്യക്ഷനാക്കി മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം നല്‍കാനും പാര്‍ട്ടി ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കളുമായി സംസാരിച്ചുകഴിഞ്ഞു. സുധാകരന്റെ രാഷ്ട്രീയശൈലി കേരളത്തില്‍ പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയുള്ള ഫോര്‍മുലയ്ക്ക് കോണ്‍ഗ്രസ് ദേശീയനേതൃത്വം പച്ചക്കൊടി വീശുകയായിരുന്നു. കേരളത്തില്‍ പുനസംഘടനാ നടപടികളില്‍ കെ സുധാകരന്‍ നടത്തിയ ഏകപക്ഷീയ നടപടികള്‍ക്കെതിരെ കേരളത്തില്‍ നിന്നുള്ള എട്ട് എം പിമാര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പാര്‍ട്ടി പുനസംഘടനാ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഇന്നലെ സുധാകരന് കര്‍ശന നിര്‍ദേശവും നല്‍കി. ഇതില്‍ പ്രകോപിതനായ സുധാകരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് കടിച്ചു തൂങ്ങാനില്ലെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി അധ്യക്ഷക്ക് കത്തും നല്‍കി. ഈ കത്തിന്റെ പിന്‍ബലത്തിലാണ് സുധാകരനെതിരെ ഗ്രൂപ്പ് വൈര്യം മറന്നുള്ള കൂട്ടായ്മ രൂപപ്പെട്ടത്. ഡി സി സി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാകുന്ന ഘട്ടത്തില്‍ പാര്‍ട്ടി പുനസംഘടന നടപടികള്‍ നിര്‍ത്തിവെക്കാനുള്ള നീക്കത്തിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നാണ് സുധാകരന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം അന്വേഷിക്കാന്‍ കഴിഞ്ഞദിവസം പരിശോധിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് ദൂതനെ അയച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സുധാകരന്‍ എല്ലാം അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ മാത്രം നടത്തുന്നുവെന്നാണ് പരക്കെയുള്ള വിമര്‍ശനം. എകപക്ഷീയമായി മുന്നോട്ട് പോയാല്‍ സമവായത്തിന് നില്‍ക്കാതെ ഒരുമിച്ച് കടുത്ത മത്സരത്തിനിറങ്ങാന്‍ എ, ഐ ഗ്രൂപ്പുകള്‍ ആലോചിക്കുന്നത്. കെപിസിസി പുനസംഘടനയിലുള്ള അതൃപ്തി ഇപ്പോഴും കോണ്‍ഗ്രസില്‍ അലയടിക്കുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ പിന്തുണ മാത്രം മുന്നില്‍ കണ്ട് സുധാകരന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നേതാക്കള്‍ പറയുന്നു. കൂടിയാലോചനകല്‍ ഇല്ലാതെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതില്‍ ഇരുഗ്രൂപ്പുകള്‍ക്കുള്ളിലും കടുത്ത അമര്‍ഷമാണ് ഉള്ളത്.
സുധാകരന്‍ പറയുന്നതെല്ലാം അംഗീകരിച്ച് കൊടുത്താല്‍ ഏകാധിപത്യത്തിന് സമാനമാവും കാര്യങ്ങളെന്ന് ഗ്രൂപ്പുകള്‍ കരുതുന്നു. അധ്യക്ഷന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനസംഘടന എങ്ങനെ സുതാര്യമാകുമെന്നാണ് ഗ്രൂപ്പുകള്‍ ചോദിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പ് നേതൃത്വങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമവായത്തിന് വഴിതേടാതെ സംഘടനാ തിരഞ്ഞെടുപ്പില്‍ കെ പി സി സി മത്സരിക്കുമെന്നായിരുന്നു സുധാകരന്‍ പ്രഖ്യാപിച്ചത്. ഇതാണ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. അതേസമയം അംഗത്വ വിതരണത്തിന് തയ്യാറെടുക്കാന്‍ ഗ്രൂപ്പുകള്‍ താഴേത്തട്ടില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തിരുത്തല്‍വാദം ഉയര്‍ത്തി രംഗത്ത് വന്ന 23 ഓളം നേതാക്കളുടെ സംഘത്തില്‍ ഉള്‍പ്പെട്ട ശശി തരൂര്‍ കേരളത്തില്‍ പാര്‍ട്ടി തലപ്പത്തേക്ക് എത്തുന്നുവെന്നതാണ് മറ്റൊരു തമാശ.