ആര്‍ അജിരാജകുമാര്‍
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച രാഷ്ട്രീയ പ്രമുഖനെതിരെ പോലീസ് നിയമനടപടിക്കൊരുങ്ങുന്നതായി സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കാനിരിക്കെ പ്രമുഖ നേതാവിനെതിരെ പോലീസ് നടപടിയെടുക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പുതന്നെ ഉന്നത രാഷ്ട്രീയ നേതാവിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ രഹസ്യനിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം രണ്ടു പ്രമുഖ വ്യക്തികളുടെ പക്കല്‍ നിന്നും ആരോപണ വിധേയനെതിരെയുള്ള പരാതിയും പോലീസ് തയ്യാറാക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷ നിരയിലെ മുന്‍നിര നേതാവിനെതിരായ വിവരങ്ങള്‍ സര്‍ക്കാരിന് ലഭ്യമായത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശവും തേടിയതായാണ് വിവരം.
സര്‍ക്കാരിനെ മനപ്പൂര്‍വ്വം കടന്നാക്രമിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്താല്‍ ഈ പ്രമുഖനെതിരായ പരാതിയില്‍ കേസെടുത്ത് മുന്നോട്ടുപോകാനാണ് സി പി എം പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കിഫ്ബിക്കെതിരായ അന്വേഷണവും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയുടെ രഹസ്യമൊഴിയും മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് ഇക്കാര്യത്തില്‍ സി പി എമ്മിനുള്ളിലെ പൊതുധാരണ. തിരഞ്ഞെടുപ്പ് കാലത്ത് വികസനം ചര്‍ച്ച ചെയ്യുന്നതിന് പകരം എതിരാളികളെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളികളായി ചിത്രികരിച്ച് നേട്ടം കൊയ്യാന്‍ പ്രതിപക്ഷ നിരയില്‍ നീക്കമുണ്ടായാല്‍ രാഷ്ട്രീയ കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത ദിനങ്ങളാവും എത്തുകയെന്നാണ് ഇടതുപക്ഷത്തെ പ്രമുഖന്റെ വെളിപ്പെടുത്തല്‍.
വീണ്ടും അധികാരത്തിലെത്താന്‍ പതിനെട്ട് അടവുമായി കളംനിറയുന്ന ഇടതുപക്ഷത്തിന് വീണുകിട്ടിയ ആയുധമാണ് പ്രമുഖനെതിരായ തെളിവുകള്‍. മാര്‍ച്ച് 20ാം തീയതിക്ക് ശേഷം മാത്രം ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കിഫ്ബിക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിപക്ഷ കക്ഷികളുടെയും ആരോപണങ്ങളുടെ മുനയൊടിക്കാനും സര്‍ക്കാരിന്റെ പുതിയ നീക്കം ലക്ഷ്യം കണ്ടേയ്ക്കും.
ബി ജെ പിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിരോധം ദുര്‍ബ്ബലമാണെന്ന പ്രചരണം തിരഞ്ഞെടുപ്പില്‍ ശക്തമായി ഉയര്‍ത്താനും സി പി എം ആലോചനയുണ്ട്. ഈ നീക്കത്തിലും മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ടുബാങ്കിലാണ് സി പി എമ്മിന്റെ നോട്ടം. തിരഞ്ഞെടുപ്പിന്റെ അവസാന സമയങ്ങളില്‍ ചില നിര്‍ണ്ണായക നീക്കങ്ങളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയൊടിച്ചുള്ള തേരൊട്ടത്തിനാണ് എല്‍ ഡി എഫ് കരുക്കള്‍ നീക്കുന്നത്.