കെ.ടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു

Kerala Latest News

കൊച്ചി: ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവില്‍ വീഴ്ചയില്ലെന്നും ഹൈക്കോടതി അറിയിച്ചു.

ഡിവിഷന്‍ ബെഞ്ചിന്റെതാണ് കോടതി ഉത്തരവ്. തന്റെ ഭാഗമോ രേഖകളോ പരിഗണിക്കാതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെന്നായിരുന്നു കെ ടി ജലീലിന്റെ വാദം. പ്രാഥമിക അന്വേഷണം പോലും നടത്താതെ ലോകായുക്ത അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും കെടി ജലീല്‍ പറഞ്ഞിരുന്നു.

കേസില്‍ കെടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടര്‍ന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലായിരുന്നു വിധി.

Leave a Reply

Your email address will not be published. Required fields are marked *