തിരുവനന്തപുരം: ചില നിയമസഭാംഗങ്ങൾ തീവ്രവാദ സ്വഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ നിയമസഭ പ്രക്ഷുബ്ധമാകുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നോട്ടീസ് സ്പീക്കർ നിരാകരിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ചു.
ആലുവക്കാരെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാവിലെ സഭ ചേർന്നപ്പോൾ ഞങ്ങൾ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്.
ആലുവ എടത്തലയിൽ യുവാവിനെ പോലീസ് മർദിച്ചതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നല്കിയ നോട്ടീസിനു മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമർശം.
എടത്തല സ്വദേശി ഉസ്മാനെ പോലീസ് മർദിച്ച സംഭവത്തിൽ അൻവർ സാദത്താണ് അടിയന്തര പ്രമേയത്തിന് അനുമതിതേടി സംസാരിച്ചത്. എടത്തലയിൽ പോലീസ് ക്വട്ടേഷൻ സംഘത്തെപ്പോലെയാണു പ്രവർത്തിച്ചതെന്നു സാദത്ത് പറഞ്ഞിരുന്നു.